കെപിസിസിയുടെ പ്രഥമ സമ്മേളനത്തിന് 100 വയസ്

Jaihind Webdesk
Friday, April 23, 2021

 

പാലക്കാട് : പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട്. 1921 ഏപ്രില്‍ 23ന് ഒറ്റപ്പാലത്ത് വെച്ചാണ് പ്രഥമ കെപിസിസി സമ്പൂര്‍ണ്ണ സമ്മേളനം നടന്നത്. ബ്രിട്ടീഷുകാരുടെ എതിര്‍പ്പുണ്ടായിട്ടും മൂന്ന് ദിവസം നീണ്ടു നിന്ന കോണ്‍ഗ്രസ് സമ്മേളനം വന്‍ വിജയമായിരുന്നു. ആയിരങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത സമ്മേളനം ചരിത്രത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്നു.

ഐക്യകേരളം എന്ന ആശയം രൂപപ്പെട്ട കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നത് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്താണ്. 1921 ഏപ്രിൽ 23 ന് നടന്ന സമ്മേളനത്തിന് ഇന്ന് നൂറാണ്ട് തികയുകയാണ്.
പ്രഥമ കെപിസിസി സമ്മേളനം അയിത്തോച്ചാടനത്തിനെതിരെയും ഹിന്ദു-മുസ്ലീം ഐക്യത്തിനായും പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പങ്കെടുത്ത സമ്മേളനം ചരിത്രത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നു.

സമാപനസമ്മേളനത്തിനിടെ ഒറ്റപ്പാലം പട്ടണത്തിൽ ബ്രിട്ടീഷ് പൊലീസിന്‍റെ ക്രൂരമർദ്ദനം ഉൾപ്പെടെ ചരിത്രത്താളുകളിൽ ഇടംപിടിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പോരാട്ടങ്ങളിലെ വഴിത്തിരിവായിരുന്നു ഒറ്റപ്പാലത്തെ കോൺഗ്രസ് സമ്മേളനം. അന്നത്തെ കെപിസിസി സെക്രട്ടറി കെ മാധവൻ നായർ, പി രാമുണ്ണിമേനോൻ, എൻഎൻ സുബ്ബരാമയ്യർ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്.

ബ്രിട്ടീഷുകാരുടെ എതിർപ്പുണ്ടായിട്ടും ഏപ്രിൽ 23ന് ആരംഭിച്ച സമ്മേളനം വൻ വിജയത്തോടെ 26ന് സമാപിച്ചു. പ്രഥമ സമ്മേളനത്തിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ ഒറ്റപ്പാലത്ത് വച്ച് ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കോൺഗ്രസ് സമ്മേളനം മാറ്റിവെച്ചു.