കന്നിയാത്രയിൽ തന്നെ പാതിവഴിയില്‍… ഇലക്ട്രിക് ബസ് ചാർജില്ലാതെ നിന്നു

Jaihind Webdesk
Monday, February 25, 2019

സംസ്ഥാന സർക്കാരിൻറെ ഇലക്ട്രിക് ബസ് കന്നിയാത്രയിൽ തന്നെ ചാർജില്ലാതെ പാതിവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേർത്തലയിൽ വച്ച് ചാർജില്ലാതെ നിന്നുപോവുകയായിരുന്നു. പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി.

ചേർത്തല എക്‌സറേ ജങ്ഷനിൽ എത്തിയപ്പോഴാണ് ബസ് നിന്നുപോയത്. യാത്ര മുടങ്ങിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാപ്പനംകോട്, ഹരിപ്പാട്, എറണാകുളം, ആലുവ എന്നിവിടങ്ങളാണ് ചാർജിങ് സെന്ററുകൾ. നിലവിൽ ബസ് നിന്നുപോയ സ്ഥലത്ത് ചാർജ്ജ് ചെയ്യാൻ സംവിധാനം ഇല്ല. കൃത്യമായ സംവിധാനങ്ങളില്ലാതെ തുടക്ക യാത്ര തന്നെ അവസാനിപ്പിക്കേണ്ടി വന്നതിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകളാണ് ഇന്ന് മുതൽ സർവ്വീസ് തുടങ്ങുമെന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചത്. കേരളത്തിൽ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങിയത്. 10 ബസുകളാണ് സർവ്വീസ് നടത്തുന്നത്.

തിരുവനന്തപുരം സിറ്റിയിൽനിന്ന് കളിയിക്കാവിള, പേരൂർക്കട–നെടുമങ്ങാട്, പോത്തൻകോട്–വെഞ്ഞാറമൂട്, കോവളം, ടെക്‌നോപാർക്ക്–ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്കാണ് സർവീസ് ഉണ്ടാവുക. പുലർച്ചെ 4.00, 4.30, 5.00, 6.00, വൈകിട്ട് 5., മുതൽ 9. മണി വരെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. എസി ലോഫ്‌ളോർ ബസിന്റെ നിരക്കാണ് ഇലക്ട്രിക് ബസിന് ഈടാക്കുന്നത്. ബസും ഡ്രൈവറെയും കരാറെടുത്ത സ്വകാര്യ കമ്പനിയാണ് നൽകുന്നത്. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസിയാണ് നൽകും. ഒരുസമയം 30 പേർക്ക് ഇരുന്ന് യാത്രചെയ്യാം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 375 രൂപയാണ് ടിക്കറ്റ് നിരക്ക്.