ആഷസ് ടെസ്റ്റ്: ഒന്നാം ഇന്നിംങ്‌സിൽ ഓസ്‌ട്രേലിയ 284 റൺസിന് പുറത്ത്

Jaihind News Bureau
Friday, August 2, 2019

ഒന്നാം ആഷസ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംങ്‌സിൽ ഓസ്‌ട്രേലിയ 284 റൺസിന് പുറത്ത്. ഇംഗ്ലണ്ടിനെതിരെ ഓസീസ് തകർന്നു. സ്റ്റീവ് സ്മിത്തിൻറെ സെഞ്ചുറിയാണ് ഓസിസിനെ തകർച്ചയിൽ നിന്ന് കരകേറ്റിയത്. സ്മിത് 144 റൺസും സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റും വീഴ്ത്തി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് നേടിയ ക്രിസ് വോക്സുമാണ് ഓസീസിനെ 80.4 ഓവറിൽ ചുരുട്ടിക്കെട്ടിയത്. എന്നാൽ 219 പന്തിൽ 144 റൺസുമായി 24-ാം ടെസ്റ്റ് സെഞ്ചുറിയും വിലക്കിന് ശേഷമുള്ള ടെസ്റ്റ് മടങ്ങിവരവും ആഘോഷമാക്കിയ സ്റ്റീവ് സ്മിത്ത് ആദ്യദിനം ആഷസിനെ സമ്പന്നമാക്കി.

ടോസ് നേടി ബാറ്റിംഗാരംഭിച്ച വെറും 17 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷമുള്ള ടെസ്റ്റ് മടങ്ങിവരവിൽ കാമറൂൺ ബൻക്രോഫ്റ്റും(8) ഡേവിഡ് വാർണറും(2) അതിവേഗം മടങ്ങി. ഉസ്മാൻ ഖവാജ നേടിയത് 13 റൺസ്. സ്മിത്തിനൊപ്പം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച ട്രാവിസ് ഹെഡിനെ 35ൽ നിൽക്കേ വോക്സ് പുറത്താക്കിയതോടെ ഓസീസ് പ്രതിരോധം പാളി.

മാത്യൂ വെയ്ഡ്(1), ടിം പെയ്ൻ(5), ജെയിംസ് പാറ്റിൻസൺ(0), പാറ്റ് കമ്മിൻസ്(5) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോർ. ഒൻപതാം വിക്കറ്റിൽ സ്മിത്തിനൊപ്പം പീറ്റർ സിഡിലിന്‍റെ ചെറുത്തുനിൽപ്പ് നിർണായകമായി. 85 പന്തിൽ 44 റൺസെടുത്ത സിഡിലിനെ മൊയിൻ അലി പുറത്താക്കിയതോടെ ഓസീസിന് വീണ്ടും പാളി.

തകർപ്പൻ ഇന്നിംഗിനൊടുവിൽ 144ൽ നിൽക്കേ സ്മിത്തിനെ പുറത്താക്കി ബ്രോഡ് അഞ്ച് വിക്കറ്റ് തികച്ചതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. ലിയോൺ 12 റൺസ് നേടി.

ഒന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്.