മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വെടിക്കെട്ട്; ബിജെപി ഓഫീസിന് തീപിടിച്ചു

Jaihind Webdesk
Monday, June 10, 2024

 

ഇൻഡോർ:  മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കുന്നതിനായി സംഘടിപ്പിച്ച വെടിക്കെട്ടില്‍ പുലിവാല് പിടിച്ച് ബിജെപി നേതൃത്വം. വെടിക്കെട്ടിനിടെ പാർട്ടി ഓഫീസിന്‍റെ മുകളിലെ നിലയില്‍ തീപിടിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുമ്പോൾ തന്നെ പടക്കം പൊട്ടിക്കാനായിരുന്നു പ്രവർത്തകരുടെ തീരുമാനം. എന്നാല്‍ ഏകദേശം 9.15ഓടെയാണ് വെടിക്കെട്ട് തുടങ്ങിയത്.

വെടിക്കെട്ടിനിടെ നാലുനില കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ തീപിടിക്കുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്‍റെ മുകളിലെ നിലയിലുണ്ടായിരുന്ന പ്ലൈവുഡിലേക്കും സോഫയിലേക്കും പൂത്തിരി വീണതായിരുന്നു തീപിടിത്തത്തിന് കാരണമായത്. തുടർന്ന് ഇത് ആളികത്തുകയും മുകളിലെ നില മുഴുവന്‍ തീ പടരുകയുമായിരുന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.