പ്രദര്‍ശനം നടക്കുന്നതിനിടെ സിനിമ തിയേറ്ററിന് തീപിടിച്ചു

Jaihind Webdesk
Tuesday, April 30, 2019

തിരുവനന്തപുരം : സിനിമ നടന്നുകൊണ്ടിരിക്കേ തിയേറ്ററിലെ പ്രൊജക്ടര്‍ മുറിയില്‍ തീപ്പിടിത്തം. പാറശ്ശാലയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയെത്തി തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കളിയിക്കാവിളയിലെ തമീന്‍സ് തിയേറ്ററിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീപിടിച്ചത്.

പതിനൊന്നു മണിക്കുള്ള പ്രദര്‍ശനം ആരംഭിച്ചശേഷം ഓപ്പറേറ്റര്‍ മുറിക്ക് പുറത്ത് മറ്റ് ജീവനക്കാരോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് പ്രൊജക്ടര്‍ മുറിയില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഉടനെ ജീവനക്കാരന്‍ പ്രൊജക്ടര്‍ മുറി തുറന്നെങ്കിലും തീ ആളിക്കത്തുകയായിരുന്നതിനാല്‍ ഉള്ളിലേക്ക് കടക്കാനായില്ല. സിനിമ കണ്ടുകൊണ്ടിരുന്നവരെ പുറത്തിറക്കി. അറുപതോളം പേരാണ് സിനിമ കാണാനുണ്ടായിരുന്നത്.

അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പ്രൊജക്ടര്‍ മുറിയിലെ പ്രൊജക്ടറുകളും എ.സി. യൂണിറ്റും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് അഗ്‌നിരക്ഷാസേന സംശയിക്കുന്നത്.