അഴിമതി പിടിക്കപ്പെടുമ്പോഴുള്ള തീപിടിത്തം സര്‍ക്കാരിന്‍റെ പതിവ് തന്ത്രം; ദുരൂഹത: അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, May 23, 2023

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ (KMSCL) ഗോഡൗണുകളിൽ തുടർച്ചയായി തീപിടിക്കുന്നതിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോർപറേഷൻ കൊവിഡ് കാലത്ത് മരുന്നു വാങ്ങിയതിനെക്കുറിച്ച് ലോകായുക്ത അന്വേഷണം നടക്കുമ്പോഴാണ് ആദ്യം കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരത്തും മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണിൽ തീപിടിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്‍റെ പതിവ് തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കൊവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണ്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014ല്‍ കാലാവധി കഴിഞ്ഞ മരുന്നുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിംഗ് പൗഡറില്‍ നിന്നും തീപടര്‍ന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കേണ്ട ഗോഡൗണുകളില്‍ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാ നടപടികളും ഏര്‍പ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കൊവിഡ് മറവില്‍ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്. തുടര്‍ച്ചയായ തീപിടിത്തത്തിന് പിന്നില്‍ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണം – വി.ഡി സതീശന്‍ പറഞ്ഞു.

അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്‍റെ പതിവ് തന്ത്രമാണ്. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ പ്രവര്‍ത്തനം. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് സർക്കാർ സ്ഥാപനങ്ങളിൽ തീപിടിത്തം സ്ഥിരം സംഭവമാകുന്നു. സ്വർണക്കടത്ത് വിഷയം ഉണ്ടായപ്പോൾ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായി. കൊവിഡ് കാലത്തെ മരുന്നു കൊള്ളയ്ക്ക് മന്ത്രിമാരടക്കം അന്വേഷണം നേരിടുന്ന വൻ അഴിമതിയാണ് നടന്നത്. തീപിടിത്തം സര്‍ക്കാര്‍ ഒരു സ്ഥിരം കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് വന്നപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി. അഴിമതി ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ വ്യവസായ മന്ത്രിയുടെ ഓഫീസിലും തീപിടിത്തമുണ്ടായി. ഏന്തെങ്കിലും ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടാകുന്നതും ക്യാമറകള്‍ ഇടിവെട്ടി നശിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറുകയാണ്.

രണ്ട് കൊല്ലത്തിനകം 9 എംഡിമാരാണ് കോർപറേഷനിലെത്തിയത്. വളരെ പ്രതീക്ഷയോടെ ഉണ്ടാക്കിയ സ്ഥാപനമാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ. ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങുന്ന സ്ഥാപനമായി മാറി. എംഡിമാർക്ക് സ്ഥാപനത്തിൽ ഇരിക്കാൻ പേടിയാണ്. ഭാവിയിൽ കേസിൽ പ്രതിയാകുമെന്ന് അവർക്കറിയാം. ഒരു എംഡിയെ പോലും സ്ഥിരമായി ഇരുത്താൻ കഴിയാത്ത സ്ഥാപനമായി മാറി. കോർപറേഷനിലെ മുഴുവൻ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

താനൂർ ബോട്ട് അപകടത്തിൽ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കുന്നില്ല. ശരിയായ അന്വേഷണം നടത്തിയാൽ ഉന്നതരുടെ പങ്ക് പുറത്ത് വരും. ലൈഫ് മിഷന്‍ സംബന്ധിച്ച് ഫയല്‍ എടുത്തുകൊണ്ട് പോയതല്ലാതെ വിജിലന്‍സ് ആരംഭിച്ച അന്വേഷണം എങ്ങുമെത്തിയില്ല. എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.