സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി പി രാജീവിന്‍റെ ഓഫീസിന് സമീപമാണ് തീപിടിച്ചത്

Jaihind Webdesk
Tuesday, May 9, 2023

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തം. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്‍റെ ഓഫീസിന് സമീപമാണ് തീപിടിത്തം.
സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്‍റെ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്‍റെ ഓഫിസിലാണ് രാവിലെ തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ്  ഫയർഫോഴ്സ് എത്തി 15 മിനിറ്റിനുള്ളിൽ തീയണച്ചു. എസിയിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .

ഓഫിസി ലെകർട്ടനുകളും മറ്റുമാണ് കത്തിയതെന്നും ഫയലുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടില്ലെന്നുമാണ് പോലിസ് പറയുന്നത്. എഐ ക്യാമറ വിവാദം കത്തി നിൽക്കേയാണ് വ്യവസായ മന്ത്രിയുടെ ഓഫിസിനു സമീപം തീപിടുത്തമുണ്ടായത്. വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ ആരോപണ വിധേയമായി നിൽക്കുന്ന ക്യാമറ വിവാദത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ ഭാഗമായി കെൽട്രോണിൽ നിന്ന് പ്രധാന രേഖകൾ ഒക്കെ പ്രിൻസിപ്പൽ സെക്രട്ടറി ശേഖരിച്ചിരുന്നു. രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ഇരിക്കവേയാണ് തീപിടുത്തം ഉണ്ടായത്.
ഇതാണ് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്.നേരത്തെ സ്വർണകടത്ത് വിവാദം ഉണ്ടായപ്പോൾ സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം ഏറെ ദുരുഹതയും വിവാദവും ഉയർത്തിയിരുന്നു.വിവാദങ്ങൾ ഉണ്ടാകുമ്പോൾ അടിക്കടി സെക്രട്ടറിയേറ്റിൽ ഉണ്ടാകുന്ന തീപിടുത്തം ദുരുഹതകൾ ഉയർത്തുകയാണ്. കന്‍റോൺമെന്‍റ്  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.