ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയില്‍ സ്ഫോടനം. ആറ് പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാ പ്രവർത്തനത്തിന് എത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. 70 ആംബുലൻസുകൾ സംഭവസ്ഥലത്ത് എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.