കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം ; ഇറാഖില്‍ 52 രോഗികള്‍ വെന്തുമരിച്ചു

Jaihind Webdesk
Tuesday, July 13, 2021

ഇറാഖിലെ നസ്‍രിയയിലുള്ള അല്‍- ഹുസൈന്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. 52 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍-സമിലി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മന്ത്രിമാരുടെയും സെക്യൂരിറ്റി കമാന്‍ഡര്‍മാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദിലും സമാനമായ ദുരന്തമുണ്ടായിരുന്നു. കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് 82 പേരാണ് മരിച്ചത്. കേൊവിഡ് ഐസിയുവിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.