FIRE ACCIDENT| മുണ്ടക്കയത്ത് തീപിടിത്തം; പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു

Jaihind News Bureau
Monday, June 9, 2025

കോട്ടയം മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു. കോസ് വേ ജംഗ്ഷന് സമീപമുള്ള പൊതു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ടൗണില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരുന്നു. ഇതിനാണ് തീ പിടിച്ചത്. ഉഗ്ര ശബ്ദത്തോടൊപ്പം തീ പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ കെട്ടിടങ്ങളിലേക്കും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ കെട്ടിടത്തിന് സാരമായ കെടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.