ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് എംപിമാര്‍ താമസിക്കുന്ന ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപിടിത്തം. ഡല്‍ഹിയിലെ ബി ഡി മാര്‍ഗിലുള്ള ബഹുനില അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. 2020-ല്‍ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടത്തില്‍ ഒട്ടേറെ ലോക്സഭാ, രാജ്യസഭാ എംപിമാരാണ് താമസിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
പാര്‍ലമെന്റില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ മാത്രം അകലെയാണ് ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇത് എംപിമാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികളിലൊന്നാണ്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ താഴെയുള്ള നിലയ്ക്കാണ് തീ പടര്‍ന്നുപിടിച്ചത്. ഇതോടെ താമസക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരന്നു. പ്രാഥമിക വിവരമനുസരിച്ച് ആളപായമില്ല, പക്ഷേ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30ഓടെയാണ് തീ പടര്‍ന്നത്
തീപിടിത്തമുണ്ടായിട്ടും ഫയര്‍ ബ്രിഗേഡുകള്‍ എത്താന്‍ വൈകിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ആശങ്ക രേഖപ്പെടുത്തി. ആവര്‍ത്തിച്ച് വിളിച്ചിട്ടും ഫയര്‍ എഞ്ചിനുകള്‍ എത്തിയില്ലെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ഡല്‍ഹി സര്‍ക്കാരിന് ലജ്ജയില്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ബേസ്‌മെന്റില്‍ കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ചു. താഴത്തെ രണ്ട് നിലകള്‍ക്ക് പൂര്‍ണ്ണമായും തീപിടിച്ചു. കേരളത്തില്‍ നിന്നുള്ള ജെബി മേത്തര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. എല്ലാ ഫ്‌ലാറ്റുകളിലെയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.