ആക്രമണം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ; പ്രകോപനമുണ്ടാക്കിയത് പാല്‍രാജ്: വണ്ടിപ്പെരിയാർ ആക്രമണത്തില്‍ എഫ്ഐആർ

Jaihind Webdesk
Sunday, January 7, 2024

 

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസുകാരിയുടെ പിതാവിന് നേരെ ഉണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ. പ്രകോപനം ഉണ്ടാക്കിയത് പ്രതി പാൽരാജ് ആണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തിനൊടുവിൽ പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ്ണ സുരക്ഷ നൽകുമെന്ന് പോലീസ് ഉറപ്പുനൽകി.

വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുന്‍റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കയ്യിൽ കരുതിയിരുന്ന കത്തിയുമായി കുത്തുകയുമായിരുന്നു.  നിലവിൽ ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്. മനഃപൂർവം പ്രകോപനം സൃഷ്ടിച്ചത് പ്രതി പാൽരാജ് ആണെന്നും കയ്യിൽ കത്തി ഉൾപ്പെടെ കരുതിയിരുന്നതിനാൽ കൊലപാതകം തന്നെയായിരുന്നു ഉദ്ദേശ്യമെന്നും എഫ്ഐആറിൽ പറയുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ രാത്രി വൈകിയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

അതേസമയം കേസിൽ കോടതി വെറുതെ വിട്ട അർജുന്‍റെ ബന്ധുവും സിപിഎം പ്രവർത്തകനുമായ പാൽരാജ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധം, മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് അവസാനിപ്പിച്ചു.
വിഷയത്തിൽ ശരിയായ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം ഒരുക്കുമെന്നും കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നേതാക്കളുമായി നടത്തിയ ചർച്ചയിൽ ജില്ലാ പോലീസ് മേധാവി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ്, കെപിസിസി വൈസ് പ്രസിഡന്റ്മാരായ വി ടി ബൽറാം, വി പി സജീന്ദ്രൻ, നേതാക്കന്മാരായ പഴകുളം മധു, എം ലിജു തുടങ്ങി നിരവധി നേതാക്കന്മാരും പ്രവർത്തകരും ആണ് ഉപരോധത്തിൽ പങ്കെടുത്തത്.