കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മെന്ന് എഫ്.ഐ.ആര്‍; ആയുധത്തിന്റെ ഭാഗങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തി

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സി.പി.എമ്മെന്ന് എഫ്.ഐ.ആര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നും എഫ്.ഐ.ആര്‍ പറയുന്നു. കൊലപാതകത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറിലുണ്ട്. അന്വേഷണം തുടങ്ങിയതായി കണ്ണൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലത്ത് പോലീസിന്റെ പരിശോധനയില്‍ ഒരു കത്തിയുടെ പിടിയും മൂന്ന് മൊബൈല്‍ ഫോണുകളും ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ എത്തിയ ബൈക്കിന് സമീപത്ത് നിന്നുമാണ് പോലീസിന് ഇത് ലഭിച്ചത്.

പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കൃപേഷ്, ജോഷി (ശരത് ലാല്‍) എന്നിവരാണ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേഷ് ആണ് ആദ്യം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജോഷിയ്ക്കും മാരകമായി വെട്ടേറ്റിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധത്തിന്റെ പിടിയാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. കൃപേഷിന് വെട്ടേറ്റ് തലച്ചോറ് പിളര്‍ന്നു. മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളാണ് ഏറ്റിരിക്കുന്നത്. ഇതില്‍ രണ്ട് വെട്ടുകള്‍ മരണകാരണമായി. ഇടത് നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവാണ് ഒന്ന്. വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ടും മരണത്തിലേക്ക് നയിച്ചു. മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമണിയോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി മൃതദേഹങ്ങള്‍ കൊണ്ടുപോകും. കാസര്‍കോട് അഞ്ചിടത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

Comments (0)
Add Comment