മലപ്പുറം : കാവനൂർ ഗ്രാമ പഞ്ചായത്തിലെ ആലിങ്ങപറമ്പിലെ വീട്ടിൽ നിർത്തിയിട്ട കാറിന് തിരുവനന്തപുരം റൂറൽ പോലീസ് ട്രാഫിക് വിഭാഗത്തിന്‍റെ വക പിഴ. വാഹന ഉടമയായ റമനിഷ് പൊറ്റശേരിയുടെ പേരിൽ നെടുമങ്ങാട് രെജിസ്ട്രേഷനുള്ള പഴയ മോഡൽ ഐ 20 കാറിനാണ് 500 രൂപ പിഴയിട്ടു കൊണ്ടുള്ള ചലാൻ നോട്ടീസ് ലഭിച്ചത്. കാറിൽ ഹെൽമറ്റ് ധരിച്ചില്ല എന്ന് പറഞ്ഞാണ് 500 രൂപ പിഴയായി അടക്കാൻ മൊബൈൽ ഫോണിൽ മെസേജ് എത്തിയത്.
കാറില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 പിഴ വന്ന അമ്പരപ്പിലാണ് കാറുടമ. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് കാറുടമയുടെ പ്രതികരണം. ദിവസങ്ങളായി കാർ തന്‍റെ മലപ്പുറം കാവനൂരിലെ വീടിന്‍റെ മുറ്റത്തെ കിടക്കുകയാണ്. പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റമനീഷ് ബൈക്കിലാണ് മിക്ക ദിവസവും യാത്ര ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കാവനൂർ സ്വദേശിയായ റമനിഷ്. വാഹനത്തിന്‍റെ നമ്പർ മാറിയതോ അല്ലെങ്കിൽ ഇതേ നമ്പറിലുള്ള മറ്റൊരു വ്യാജ വാഹനം തിരുവനന്തപുരം ഭാഗത്ത് ഓടുന്നതോ ആവാം എന്നതാണ് സംശയം.
മൊബൈലിലെ മെസേജുകൾ ഡിലീറ്റ് ആക്കുന്നതിനിടയിലാണ് ട്രാഫിക് നിയമലംഘനം സംബന്ധിച്ച ഒരു മെസേജ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രാഫിക് പോലീസിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് 500 രൂപ പിഴയടക്കാൻ ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. ലോക്ക്ഡൌണ്‍ കാലത്തെ പൊലീസ് പിടിച്ചുപറിക്കെതിരെ വ്യാപക പരാതികള്‍ ഉയരുന്നതിനിടെയാണ് കാറില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ പിഴ ചുമത്തിയിരിക്കുന്നത്.