അവസാന വര്‍ഷ ഓണകാലവും പൊടി പൊടിക്കാന്‍ തയാറെടുക്കുകയാണ് പിണറായി സര്‍ക്കാര്‍. ഓണക്കാലത്തെ അധിക ചെലവുകളും ശമ്പള-പെന്ഷന് വിതരണത്തിനുമായി പൊതുവിപണിയില്‍ നിന്ന് 3000 കോടി കടമെടുക്കലും ഒരു വശത്ത് ഉള്ളപ്പോള്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിനും ആഡംബരത്തിനും ഒരു അറുതിയുമില്ല. കാലാവധി കഴിയാന്‍ പോകുന്ന നിയമസഭയുടെ മന്ദിരത്തില്‍ ഒന്നിന് പിറകെ ഒന്നായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുകയാണ്. ഇതിനായി കോടികളാണ് ചെലവഴിക്കുന്നത്. നിയമസഭാ അംഗങ്ങളുടെ ഡൈനിംഗ് ഹാളിന്റെ മോടികൂട്ടാന്‍ ഏഴര കോടിയുടെ ടെണ്ടര്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഡൈനിംഗ് ഹാളിന്റെ നവീകരണത്തിനായി ഏഴു കോടി 40 ലക്ഷം രൂപ നല്കി കഴിഞ്ഞത്. അംഗീകൃത ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു. നിയമസഭ മന്ദിരത്തിന്റെ സെല്ലാറിലുള്ള ഡൈനിങ് ഹാളാണ് നവീകരിക്കാന്‍ പദ്ധതിയിടുന്നത്. സഭയുടെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഡൈനിങ് ഹാളിന് ആധുനിക മുഖം നല്‍കുന്നതെന്നാണ് പറയുന്നത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് ഈ ഡൈനിംഗ് ഹാള്‍ നവീകരിച്ചതാണ്.