കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് ടിഡിഎഫ്; ട്രാൻസ്പോർട്ട് ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Jaihind Webdesk
Tuesday, June 21, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധ സമരം കടുപ്പിച്ച് തൊഴിലാളി സംഘടനകൾ. ടിഡിഎഫ് ട്രാൻസ്പോർട്ട് ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് കൺവീനർ എം.എം ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ശമ്പള പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് ടിഡിഎഫിന്‍റെ തീരുമാനം.

ജൂൺ 6 ന് ആരംഭിച്ച ടിഡിഎഫിന്‍റെ സമരം 16 ദിവസം പിന്നിട്ടു. പ്രതിസന്ധികളിൽ പ്രതിഷേധിച്ച് ടിഡിഎഫ് റിലേ നിരാഹാര സത്യഗ്രഹം നടത്തിയതിന് പിന്നാലെ ഇന്ന് ട്രാൻസ്ഫോർട്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ശമ്പളം കൊടുക്കാതെ സർക്കാർ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും സർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എം ഹസൻ പറഞ്ഞു.

സർവീസുകൾ മുടക്കാതെയായിരുന്നു ടിഡിഫ് ഇന്ന് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, മാനേജ്മെന്‍റ് നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടിഡിഎഫിന്‍റെ സമരം. തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഈ മാസം
27 ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി പ്രതിസന്ധികളിൽ ചർച്ച നടത്താനാണ് സർക്കാർ തീരുമാനം. അതേസമയം ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്‍റ് തമ്പാനൂർ രവി വ്യക്തമാക്കി.

ശമ്പള പ്രതിസന്ധിയിലും മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ നിലപാടുകളിലും പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ഭരണപക്ഷ സംഘടനയായ സിഐടിയുവും ബിഎംഎസും ഉൾപ്പടെ സമരത്തിലാണ്. ജൂൺ പകുതി കഴിഞ്ഞിട്ടും മെയ് മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ഡ്രൈവർ, കണ്ടക്ടർ തസ്തികയിൽ ഉള്ളവർക്ക് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചത്.