സർക്കാരിനെതിരെ മുദ്രാവാക്യവുമായി ധനമന്ത്രിയുടെ ഭാര്യ; പങ്കെടുത്തത് ശമ്പള കുടിശിക ആവശ്യപ്പെട്ടുള്ള സമരത്തില്‍

Jaihind Webdesk
Saturday, December 2, 2023

തിരുവനന്തപുരം: സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് ധനമന്ത്രിയുടെ ഭാര്യ. ശമ്പള കുടിശിക ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് മന്ത്രിയുടെ ഭാര്യ പങ്കെടുത്തത്. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ഭാര്യ ഡോ. ആശയാണ് കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങളിലെ കുടിശിക ആവശ്യപ്പെട്ട് സമരത്തിന് എത്തിയത്.

ശമ്പള കുടിശിക കൊടുത്തെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ഡോ. ആശ പറഞ്ഞു. എന്നാല്‍ മന്ത്രി കെ എൻ ബാലഗോപാലിന്‍റെ ഭാര്യ ആനൂകൂല്യം കിട്ടിയിലെന്ന് പറയുന്നവരുടെ പക്ഷത്താണ്. 39 മാസത്തെ ശമ്പള പരിഷ്കരണ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം. എകെപിസിടിഎയുടെ വനിതാ വിഭാഗം കൺവീനര്‍ കൂടിയാണ് ഡോ. ആശ. പണം അനുവദിക്കുന്നതിൽ ധനവകുപ്പിന് കൂടി പങ്കുണ്ട്. ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ശേഷം മാത്രമെ ആ തുക നൽകു എന്നാണ് കേന്ദ്ര നിലപാട്.

ശമ്പള പരിഷ്കരണ കുടിശിക സംസ്ഥാനം അധ്യാപകര്‍ക്ക് നൽകിയില്ലെന്ന് മാത്രമല്ല സമയത്ത് ഇടപെടാതെ 750 കോടി കേന്ദ്രവിഹിതം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്. ഇതിനെതിരെയാണ് മന്ത്രിയുടെ ഭാര്യ അടക്കമുള്ളവര്‍ പ്രതിഷേധത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നയസമാപനങ്ങൾക്കെതിരെ മാത്രമല്ല കേന്ദ്രത്തിനും യുജിസിക്കും  എതിരെയും മുദ്രാവാക്യമുണ്ടായിരുന്നു.