ക്ഷേമപെന്‍ഷന്‍ കുടിശിക നിലനില്‍ക്കെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി; ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന

Jaihind Webdesk
Tuesday, January 23, 2024

സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. അഞ്ചുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക നിലനില്‍ക്കെയാണ് അടുത്തമാസം അഞ്ചിന് ധനമന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.

2021 ലായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1600 രൂപയാക്കിയത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇതിനകം തന്നെ മൂന്ന് ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ക്ഷേമപെന്‍ഷന്‍ 2500 ആക്കും എന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇതുവരെയും ഒരു രൂപ പോലും കൂട്ടാനായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുമ്പോള്‍ അടുത്തമാസം ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ധനമന്ത്രിക്ക് ഇത്തവണയും ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ ഒരു ഗതിയുമില്ല.

നിലവില്‍ കുടിയികയുളള തുക തന്നെ നല്‍കാന്‍ സാധിക്കുന്നില്ല. സെപ്റ്റംബര്‍ തൊട്ടുള്ള ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശികയായുളളത്. കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. 900 കോടിയോളം രൂപ ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ആവശ്യമാണ്. ഈ തുക കണ്ടെത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരളസദസില്‍ ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് നിരവധി പരാതികളും ലഭിച്ചിരുന്നു.