കെ.വി തോമസിന് പ്രതിമാസം 1 ലക്ഷം രൂപ ഓണറേറിയം നല്‍കാന്‍ ധനവകുപ്പ് നിർദേശം

 

തിരുവനന്തപുരം: ഡൽഹിയിൽ കേരളസർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന് മാസം ഒരുലക്ഷം രൂപ പ്രതിഫലമായി നൽകാൻ ധനവകുപ്പിന്‍റെ നിർദേശം. ഓണറേറിയമെന്ന നിലയ്ക്കാണ് അനുവദിക്കുന്നത്. ധനവകുപ്പിന്‍റെ നിർദേശം മന്ത്രിസഭ ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കും.

കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി പിണറായി സർക്കാർ നിയമിക്കാന്‍ തീരുമാനിച്ചത് ജനുവരി 18 ലെ മന്ത്രിസഭായോഗത്തിലാണ്.  കോൺഗ്രസിൽനിന്ന് പുറത്താക്കിയതിന് പിന്നാലെയായിരുന്നു നീക്കം. ഡൽഹി കേരള ഹൗസിലാണ് കെ.വി തോമസിന്‍റെ ഓഫീസ്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കു പുനർനിയമനം നൽകിയാൽ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു പെൻഷൻ കുറച്ച തുകയാണ് ശമ്പളമായി അനുവദിക്കുക. അതേസമയം ഓണറേറിയം ആയതിനാല്‍ കെ.വി തോമസിന് എംപി പെൻഷനും ലഭിക്കും.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് എ സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു സമ്പത്തിന്‍റെ പ്രതിമാസ ശമ്പളം.

Comments (0)
Add Comment