ജനീവ: ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്ത വ്യാപാരയുദ്ധം ലഘൂകരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പുമായി അമേരിക്കയും ചൈനയും. ജനീവയില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവില്‍, ഇരു രാജ്യങ്ങളും താരിഫുകളില്‍ കാര്യമായ കുറവ് വരുത്താനും 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ധാരണയായി.
തിങ്കളാഴ്ച പ്രഖ്യാപിച്ച കരാര്‍ പ്രകാരം, അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മേലുള്ള താരിഫ് നിരക്ക് 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കും. അതേസമയം, ചൈന അമേരിക്കന്‍ ഇറക്കുമതിയുടെ താരിഫ് 125 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി 90 ദിവസത്തേക്ക് വെട്ടിക്കുറയ്ക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെംഗും അതത് വ്യാപാര പ്രതിനിധികളും പങ്കെടുത്ത രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനം.
ഏപ്രില്‍ ആദ്യം മുതല്‍ ചുമത്തിയ താരിഫുകളില്‍ 91 ശതമാനം പോയിന്റുകളും ഒഴിവാക്കാനും അടുത്ത മൂന്ന് മാസത്തേക്ക് 24 ശതമാനം പോയിന്റുകള്‍ കൂടി നിര്‍ത്തിവയ്ക്കാനും ഇരുപക്ഷവും തീരുമാനിച്ചു. ഈ താല്‍ക്കാലിക സാഹചര്യത്തിനപ്പുറം ചര്‍ച്ചകള്‍ ഒരു പുതിയ സംവിധാനം ഇരു രാജ്യങ്ങളും തമ്മില്‍ ഏ്ര്‍പ്പെടുത്തി. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ ദീര്‍ഘകാലമായി അലട്ടുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. .
ഈ താരിഫ് പിന്‍വലിക്കല്‍ നടപടി ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഉയര്‍ത്തിയ വ്യാപാര സംഘര്‍ഷത്തിലെ ഒരു വലിയ മുന്നേറ്റമാണ്. പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും അതിര്‍ത്തി കടന്നുള്ള വ്യാപാരം പുനരുജ്ജീവിപ്പിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണിത്.