അവസാനം സർക്കാരിന്‍റെ ‘സ്വന്തം തത്തയും’ പറഞ്ഞു, മോദി സർക്കാർ സംസ്ഥാനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് : ജി.എസ്.ടി ക്രമക്കേടില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി : ജി.എസ്.ടി ക്രമക്കേടില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. മോദി സര്‍ക്കാർ സംസ്ഥാനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സർക്കാരിന്‍റെ സ്വന്തം തത്തയായ സി.എ.ജിക്ക് വരെ അവസാനം പറയേണ്ടി വന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളിലെയും ജി.എസ്.ടിയിലെയും ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ സി.എ.ജി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷണിന്‍റെ പരാമർശം.  ജി.എസ്.ടി വഴി സംസ്ഥാനങ്ങളെ കൊള്ളയടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരെന്നും സര്‍ക്കാരിന്‍റെ സ്വന്തം തത്തയായ സി.എ.ജിക്ക് വരെ അവസാനം അത് തുറന്നുപറയേണ്ടി വന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ജി.എസ്.ടിയില്‍ നിന്നും അവകാശപ്പെട്ട വിഹിതം നല്‍കാതെ മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ കൊള്ളയടിച്ചതിനെക്കുറിച്ച് സര്‍ക്കാരിന്‍റെ സ്വന്തം  തത്തയായ സി.എ.ജിക്ക് വരെ അവസാനം ചൂണ്ടിക്കാണിക്കേണ്ടി വന്നു. ഇത് ഗുഡ് ആന്‍റ് സിമ്പിള്‍ ടാക്‌സ് (ജി.എസ്.ടി) അല്ല. ഇത് ലൂട്ട് സ്റ്റേറ്റ്‌സ് ടാക്‌സ് (എല്‍.എസ്.ടി, സംസ്ഥാനങ്ങളെ കൊള്ളയടിക്കുന്ന നികുതി) ആണ്’ – പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ജി.എസ്.ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 47,772 കോടി രൂപ പൊതുഖജനാവിലേക്ക് മാറ്റി മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിച്ചതായി കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ടില്‍ xകണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തെ ജി.എസ്.ടി സെസ് ആ വര്‍ഷം തന്നെ ഇതിനായുള്ള പ്രത്യേക ഫണ്ടിലേക്ക് മാറ്റണമെന്നാണ് നിയമം. ഇത് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി മാത്രമേ ഉപയോഗിക്കാവൂ. സ്വച്ഛ് വിദ്യാലയ് അഭിയാന്‍ പദ്ധതിയിലെ ക്രമക്കേടുകളും സി.എ.ജി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു.

Comments (0)
Add Comment