ഒടുവില്‍ അര്‍ജുന്‍ അമരാവതിയില്‍; കണ്ണീരോടെ വിട നല്‍കി ജന്മനാട്; ഇനി ജ്വലിക്കുന്ന ഓര്‍മ

Jaihind Webdesk
Saturday, September 28, 2024

കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട. കേരളത്തിന്റെ മൊത്തം ഹൃദയനൊമ്പരമായി മാറിയ അര്‍ജുന് ഒടുവില്‍ നാട് കണ്ണീരോടെ വിടചൊല്ലി. ഉറ്റവരുടെയും ഉടയവരുടെയും നാടിന്റെ നാനാദിക്കുകളില്‍നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളുടെയും മുന്നില്‍ 30 കാരന്‍ ഇനി ഓര്‍മ മാത്രം. സ്വന്തമായി പണിതുണ്ടാക്കിയ വീടിന്റെ തൊട്ടുചാരത്തായി അര്‍ജുന് നിത്യനിദ്ര.

രാവിലെ ഒന്‍പതു മണിയോടെ കോഴിക്കോട് കണ്ണാടിക്കല്‍ വീട്ടുമുറ്റത്തെത്തിയ മൃതദേഹം 11 മണിവരെ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ക്കായി എടുത്തത്. ഐവര്‍മഠത്തില്‍നിന്നുള്ള പരികര്‍മികളാണ് സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനും ചേര്‍ന്ന് ചിതയില്‍ തീകൊളുത്തി. അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകന്‍ അയാന്‍ ആര്‍ത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു.

ഇന്നലെ ഉച്ചയോടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ സഹോദരനും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടര്‍ന്നു വൈകീട്ടോടെയാണ് കാര്‍വാറില്‍നിന്ന് മൃതദേഹവുമായി ആംബുലന്‍സ് നാട്ടിലേക്കു പുറപ്പെട്ടത്. ഷിരൂരിലെ തിരച്ചിലിനു നേതൃത്വം നല്‍കിയ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് തുടങ്ങിയവര്‍ യാത്രയിലുടനീളം അനുഗമിച്ചു. ഉഡുപ്പിയില്‍നിന്ന് ഈശ്വര്‍ മാല്‍പെയും ചേര്‍ന്നു.