ലോക്സഭാ തിരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് നാളെ; രാജ്യം കാത്തിരിക്കുന്ന ജനവിധി ജൂണ്‍ 4-ന്

Jaihind Webdesk
Friday, May 31, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഇതോടെ ഏഴു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പ് മഹോത്സവത്തിനാണ് തിരശീല വീഴുന്നത്. ഇനി വോട്ടെണ്ണലിന്‍റെ പിരിമുറക്കത്തിലാണ് സ്ഥാനാർത്ഥികൾ. ജൂണ്‍ നാലിനാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാനാകുന്നത്.

നാളെ 57 മണ്ഡലങ്ങള്‍ കൂടി  വിധിയെഴുതുന്നതോടെ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയാകും. ഏഴാം ഘട്ട വോട്ടെടുപ്പിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 57 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും മുഴുവന്‍ സീറ്റുകളിലും അന്തിമ ഘട്ടത്തിലാണ് വോട്ടെടുപ്പ്. പഞ്ചാബിലെ 13, ഹിമാചല്‍പ്രദേശിലെ 4, പശ്ചിമബംഗാളിലെ 9,  ബിഹാറിലെ 8, ഒഡീഷയിലെ 6, ഝാർഖണ്ഡിലെ 3, ഛണ്ഡീഗഢിലെ ഒന്നും സീറ്റുകളിലേക്കാണ് ജൂണ്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി, നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി, ലാലുപ്രസാദവിന്‍റെ മകൾ മിസാ ഭാരതി എന്നിവർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ മൂന്നു ദിവസത്തെ ധ്യാനത്തിലാണ്. അതേസമയം അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യാ സഖ്യം.