ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു.

Jaihind News Bureau
Monday, April 28, 2025

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്ത് വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെ. സി.  ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. രാജ്യംപത്മശ്രീ നല്‍കി ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്

മലയാളത്തിലെ വിശ്രുതമായ ഒട്ടേറെ ചിത്രങ്ങളില്‍ ഷാജിയുടെ പ്രതിഭ കയ്യൊപ്പു പതിഞ്ഞിരുന്നു. പുനെ ഫിലിം ഇന്‍സ്്‌ററിട്യൂട്ടില്‍ നി്ന്ന ഛായാഗ്രാഹകനായി പഠിച്ചിറങ്ങിയ ഷാജി പിന്നീട് സമാന്തര സിനിമാ മേഖലയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചു. പിറവി എന്ന വിശ്രുതചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്കും എത്തിയ ഷാജി എന്‍ കരുണ്‍ മലയാള സിനിമയെ സര്‍ഗ്ഗാത്മകമായ ഉന്നതങ്ങളില്‍ എത്തിച്ച ശേഷമാണ് പിന്‍വാങ്ങുന്നത്

ഏറ്റവും കൂടുതല്‍ വിദേശ വേദികളില്‍ പ്രദര്‍ശിപ്പിച്ച മലയാളചിത്രങ്ങളിലൊന്നായി മാറുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംഡി ഓറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്’ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മലയാളത്തിന് നവഭാവുകത്വം പകര്‍ന്ന ചലച്ചിത്രകാരനായിരുന്നു ഷാജി എന്‍ കരുണ്‍. അമ്പരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി. നവഭാവുകത്വം മലയാളത്തില്‍ അനുഭവവേദ്യമാക്കിയ അരവിന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാഞ്ചന സീത മുതല്‍ ഹരിഹരന്റെ സര്‍ഗ്ഗം വരെ നീളുന്നു. ഉത്തരായനം, തമ്പ്, എസ്തപ്പാന്‍, കുമ്മാട്ടി, മഞ്ഞ് , കൂടെവിടെ, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് , ചിദംബരം, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, ഒന്നു മുതല്‍ പൂജ്യംവരെ , സര്‍ഗം ഇങ്ങനെ എണ്ണംപറഞ്ഞ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്യാമറാ കണ്ണുകള്‍ അനശ്വരമാക്കി

പിറവിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. അതിനു ശേഷം സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍