തമ്പി കണ്ണന്താനത്തിന് കലാ-സാംസ്‌കാരിക ലോകത്തിന്‍റെ അന്ത്യാഞ്ജലി

Jaihind Webdesk
Thursday, October 4, 2018

അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തിന് കലാ-സാംസ്‌കാരിക ലോകത്തിന്‍റെ അന്ത്യാഞ്ജലി. സിനിമാലോകത്തെ സഹപ്രവർത്തകരടക്കം സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ളവർ തമ്പി കണ്ണന്താനത്തിന് അന്തിമോപചാരം അർപ്പിക്കാൻ എറണാകുളം ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി. സംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ.

കരൾ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു തമ്ബി കണ്ണന്താനം ചൊവ്വാഴ്ച അന്തരിച്ചത്. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തിലായിരുന്നു പൊതുദർശനം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തമ്പി കണ്ണന്താനത്തിന്‍റെ ഭൗതികശരീരം എറണാകുളം ടൗൺഹാളിൽ എത്തിച്ചത്. ഭാര്യ മരിയ ജോസഫ്, മക്കളായ ഐശ്വര്യയും എയ്ഞ്ചലും ഒപ്പമുണ്ടായിരുന്നു. തുടർന്ന് അറുമണിക്കു ശേഷം മൃതദേഹം കൊച്ചി ഫൈൻ ആർട്സ് ഹാളിനു സമീപമുള്ള ഫ്ളാറ്റിലേക്കു കൊണ്ടുപോയി.

അവിടെയും രാത്രി വൈകിയും സിനിമാപ്രവർത്തകര്‍ ഉൾപ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ ഒൻപത് മണിയോടെ മൃതദേഹം പാറത്തോട്ടിലെ ഭവനത്തിലെത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യുഹനോൻ മാർ ദിയസ്‌കോറസ് കാർമ്മികത്വം വഹിക്കും. തുടർന്ന് പാറത്തോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്‍ററിൽ പ്രാർഥന നടത്തിയതിനു ശേഷം മൃതദേഹം സെന്‍റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ സംസ്‌ക്കരിക്കും

https://www.youtube.com/watch?v=wQePcCgQ0i8