ചലച്ചിത്ര അവാർഡ് വിവാദം: രഞ്ജിത്തിനെ കുരുക്കിലാക്കി തെളിവുകള്‍; ഫോണ്‍ സംഭാഷണം പുറത്ത്

Sunday, August 6, 2023

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് വിവാദത്തില്‍ ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തിയെന്ന് നേമം പുഷ്പരാജ് പറയുന്ന  ഓഡിയോ ക്ലിപ്പ് പുറത്ത്. 19-ാം നൂറ്റാണ്ടിന് ലഭിച്ച മൂന്ന് അവാർഡുകളും വെട്ടാൻ രഞ്ജിത്ത് ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഫോണ്‍ സംഭാഷണത്തിലുണ്ട്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലുളള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്നു.

19-ാം നൂറ്റാണ്ടിന് ലഭിച്ച മൂന്ന് അവാർഡുകളും വെട്ടാൻ രഞ്ജിത്ത് ശ്രമിച്ചതായി നേമം പുഷ്പരാജ് പറയുന്നു. അവാർഡുകൾ നൽകാൻ തീരുമാനിച്ചു റൂമിലേക്ക് പോയ ഗൗതം ഘോഷ് പോലുള്ളവരെ തിരികെ വിളിച്ച് ഒന്നുകൂടെ പരിശോധിക്കാമെന്ന് പറഞ്ഞു. എന്നാൽ ഇനി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് ജൂറി ചെയർമാനോട് പറഞ്ഞതായി നേമം പുഷ്പരാജ പറയുന്നു. രഞ്ജിത്തിന് ശത്രുതയുള്ളവർക്ക് അവാർഡ് ലഭിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഇങ്ങനെ സംഭവിച്ചതിൽ ആത്മനിന്ദ തോന്നുന്നു എന്നും നേമം പുഷ്പരാജ് പറഞ്ഞു. സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു.