ആരോഗ്യവകുപ്പില്‍ തീര്‍പ്പാകാതെ തകരുന്നത് 1800 ലേറെ ജീവിതങ്ങള്‍; മന്ത്രിയുടെ ആശ്രിതര്‍ക്ക് മാത്രം ശരവേഗത്തില്‍ പരിഹാരം; പ്രതിഷേധം പുകയുന്നു

Jaihind News Bureau
Tuesday, June 18, 2019


ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമപ്പെടുത്തിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാര കസേരയിൽ എത്തുമ്പോൾ. എന്നാല്‍ മന്ത്രിസഭയിലെ വിവിധ വകുപ്പുകളിൽ ഫയലുകള്‍ കുന്നുകൂടുകയാണ്. ഇടത് മന്ത്രിസഭ നാലാം വർഷത്തിലെത്തുമ്പോൾ ആരോഗ്യ മന്ത്രിയുടെ വകുപ്പിൽ മാത്രം തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 1,800 ഫയലുകളാണ്.

ഗുരുതര അസുഖങ്ങൾ ബാധിച്ച ജീവനക്കാരുടെ റീ ഇംബേഴ്സ്മെന്‍റ് ഫയലുകൾ അടക്കമുള്ളവയാണ് കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഡയറക്ട്രേറ്റ് ഓഫ് സർവീസസിൽ യാതൊരു നടപടികളുമില്ലാതെ കെട്ടിക്കിടക്കുന്നത്. ആദിവാസി പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാരുടെയും, ക്ലാസ് ഫോർ ജീവനക്കാരുടേതുമാണ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഏറെയും. ഗുരുതര അസുഖം ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും മെഡിക്കൽ റീ ഇംബേഴ്സ്മെൻറ് യഥാസമയം ലഭിക്കാതായതോടെ ഇവരുടെ തുടർ ചികിത്സ മുടങ്ങിയതോടൊപ്പം ഭൂരിഭാഗം ജീവനക്കാരും വൻ കടക്കെണിയിലുമായി. മെഡിക്കൽ റീഇംബേഴ്സമെന്‍റ് ഫയലുകൾ ആരോഗ്യവകുപ്പ് ഡയറക്ടർ തിരിഞ്ഞു നോക്കുന്നില്ലെന്നും വകുപ്പ് മന്ത്രിയുടെ അലംഭാവമാണ് ഇതിന് പിന്നിലെന്നും ജീവനക്കാർ പറയുന്നു.

അതേസമയം വകുപ്പ് മന്ത്രിയുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും ശരവേഗത്തിലാണ് ഫയലുകൾ തീർപ്പാക്കി നൽകുന്നതെന്നും ആരോപണം ഉയരുന്നു. ജീവനക്കാർ ഫയൽ വിവരങ്ങൾ അറിയാൻ വിളിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിലോ മീറ്റിംഗിലോ ആണെന്നുള്ള മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഫയലുകൾ കെട്ടികിടക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു.

ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയിൽ കടക്കെണിയിലായ ജീവനക്കാരിൽ നിന്നും പ്രളയ പുനരധിവാസ ഫണ്ടിന്‍റെ പേരിൽ വകുപ്പ് മേധാവികൾ നിർബന്ധിത പിരിവ് നടത്തി കൂടുതല്‍ ദുരിതത്തിലാക്കി. അതേസമയം ജൂൺ മാസത്തെ സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതാളത്തിലായതും പാവപ്പെട്ട ജീവനക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.