‘ഹോക്കി ഗ്രൗണ്ടിലെ പോരാളി’: മാനുവല്‍ ഫ്രെഡറികിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind News Bureau
Friday, October 31, 2025

 

വിഖ്യാത ഹോക്കി താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ മാനുവല്‍ ഫ്രെഡറികിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. രാജ്യത്തിനു വേണ്ടി ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളിയായിരുന്നു ഫ്രെഡറിക്. മലയാളികളായ കായിക പ്രേമികള്‍ 1972-ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് ഓര്‍മിക്കുന്നത് തന്നെ മാനുവല്‍ ഫ്രെഡറിക്കിന്റെ മെഡല്‍ നേട്ടം ഒന്നു കൊണ്ടു മാത്രമാണ്. അന്ന് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു മാനുവല്‍.

കളിയില്‍ ഉടനീളെ മാനുവല്‍ കാട്ടിയിരുന്ന വീറും വാശിയും ഇന്ത്യന്‍ ഹോക്കി ചരിത്രത്തിന്റെ കൂടി ഭാഗമാണ്. മാനുവല്‍ ഫ്രെഡറികിന് ഇന്ത്യന്‍ ഹോക്കി ടൈഗര്‍ എന്ന വിളിപ്പേര് ചാര്‍ത്തിക്കിട്ടിയതും അങ്ങനെയാണ്. ഹോക്കി ഗ്രൗണ്ടിലെ പോരാളിയായിരുന്നു മാനുവല്‍ ഫ്രെഡറിക്കെന്നും അദ്ദേഹത്തിന്റെ വിയോഗം കായിക മേഖലയ്ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.