തൃശൂർ കോർപറേഷൻ യോഗത്തിൽ കയ്യാങ്കളി : മേയറെ തടഞ്ഞുവെച്ചു

Jaihind Webdesk
Friday, August 27, 2021

തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം. മാസ്റ്റർ പ്ലാൻ റദ്ദാക്കണം എന്ന യുഡിഎഫ് ആവശ്യം മേയർ അംഗീകരിച്ചില്ല. തുടർന്ന് ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ബഹളത്തോടെയാണ് കൗൺസിൽ യോഗം തുടങ്ങിയത്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയാൽ തൃശ്ശൂരിന്‍റെ പൈതൃകം നഷ്ടമാകുമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.

മേയർ എം കെ വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവെച്ചു. തുടർന്ന് മേയർ കാബിനിലേക്ക് പോയി. കൗണ്‍സില്‍ അറിയാതെയാണ് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍‌ 2012ൽ മുൻ ഭരണ സമിതിയുടെ സമയത്ത് കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ ആണെന്നാണ് മേയറുടെ വാദം. 2016ല്‍ ഇടതുമുന്നണി വന്നപ്പോള്‍ പുതിയ മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവന്നുവെന്നും അതിന്‍റെ ഭാഗമായി ഉണ്ടായ മാറ്റങ്ങളാണ് കൗണ്‍സില്‍ അറിയാതെ ഏകപക്ഷീയമായി നടത്താന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷം പറയുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ വാദം.

ഭൂമാഫിയയുമായുള്ള ഒത്തുകളിയാണ് നടക്കുന്നത്. ഈ മാസ്റ്റര്‍പ്ലാന്‍ നടന്നാല്‍ 85 ശതമാനം ഭൂമിയും നികത്തേണ്ടി വരും. തൃശൂര്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലാകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.