പട്ന: രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുണ്ടാകുന്ന വെല്ലുവിളികള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ക്ക് ഇന്ന് ബിഹാറില്‍ തുടക്കം. ഇന്ത്യയെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങള്‍.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന അടിസ്ഥാന ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സസാറാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 16 ദിവസം നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ 20-ല്‍ അധികം ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം രാഹുല്‍ ഗാന്ധി സഞ്ചരിക്കും. കാല്‍നടയായും വാഹനത്തിലുമായിട്ടാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വോട്ട് മോഷണം കേവലം ഒരു തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക പോരാട്ടമാണിതെന്നും യാത്ര തുടങ്ങുന്നതിന് മുന്നോടിയായി രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. രാജ്യത്തുടനീളം കുറ്റമറ്റ വോട്ടര്‍ പട്ടിക ഉറപ്പാക്കുമെന്നും, യുവാക്കളോടും തൊഴിലാളികളോടും കര്‍ഷകരോടും ഈ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇന്ത്യ സഖ്യത്തിലെ മറ്റ് പ്രമുഖ നേതാക്കളും അണിനിരക്കും. സെപ്റ്റംബര്‍ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയില്‍ നടക്കുന്ന ഇന്ത്യ സഖ്യ മഹാറാലിയോടെയാണ് യാത്ര സമാപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, ഈ യാത്ര ഇന്ത്യ സഖ്യത്തിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
യാത്രയുടെ ഭാഗമായി വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ അപാകതകളും വോട്ട് കൊള്ളയുടെ അനന്തരഫലങ്ങളും രാജ്യത്തെ ഓരോ പൗരനിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബിജെപിക്കെതിരെയും കോണ്‍ഗ്രസ് ശക്തമായ ആരോപണങ്ങളാണ് ഈ വിഷയത്തില്‍ ഉന്നയിക്കുന്നത്.