ഡല്‍ഹിയില്‍ പതിനഞ്ചുകാരി വെടിയേറ്റ് മരിച്ചു. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കുട്ടിയുടെ ആണ്‍സുഹൃത്തണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ജഹാംഗീര്‍പുരി സ്വദേശിയായ 20 വയസ്സുകാരന്‍ ആര്യനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഭിഷാം സിംഗ് പറഞ്ഞു. വെടിയേറ്റ പെണ്‍കുട്ടിയെ ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരു ക്ലിനിക്കിനു സമീപം പ്രതി തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ്് പ്രാഥമിക വിവരം. വെടിയേറ്റതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രതി വീണ്ടും വെടിയുതിര്‍ത്തു. നാലോളം വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആര്യന്‍ ഒരു സുഹൃത്തിനൊപ്പമാണ് സംഭവസ്ഥലത്തെത്തിയതെന്നും ഇരുവരും വെടിവെപ്പിന് ശേഷം ഓടി രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ജഹാംഗീര്‍പുരി പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളായ ആര്യനും സുഹൃത്തിനുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി പെണ്‍കുട്ടിയുടെ സുഹൃത്തിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.