
ആരാധകരുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന കായിക മാമാങ്കത്തിന് ജൂണ്‍ 11-ന് കിക്കോഫ് ചെയ്യും. ജൂലൈ 19-നാണ് ഫൈനല്‍ മത്സരം നടക്കുക.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങളിലെ 16 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിനായി ആകെ 42 ടീമുകളാണ് അണിനിരക്കുന്നത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് ടൂര്‍ണമെന്റ് നടത്തുക. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’ യില്‍ ഇടം നേടി. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ‘ജെ’യിലെ മറ്റ് അംഗങ്ങള്‍. നിലവിലെ റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ യിലാണ് ഉള്‍പ്പെടുക. സെനഗല്‍, നോര്‍വേ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് പ്രധാന ടീമുകള്‍. ഗ്രൂപ്പ് ‘സി’ യില്‍ ഉള്‍പ്പെട്ട ബ്രസീലിനൊപ്പം മൊറോക്കോ, ഹൈതി, സ്‌കോട്ട്‌ലന്‍ഡ് എന്നീ ടീമുകളുണ്ട്. ഗ്രൂപ്പ് ‘എ’ യിലെ ടീമുകളായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്‌പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് ‘എച്ച്’ ലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്‍’ ലും ഏറ്റുമുട്ടും. ഇതില്‍, ഇംഗ്ലണ്ടും ക്രൊയേഷ്യയുമുള്ള ഗ്രൂപ്പ് ‘എല്‍’ ആണ് കടുപ്പമേറിയ ‘മരണഗ്രൂപ്പ്’ ആയി വിലയിരുത്തപ്പെടുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത് യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ്. ഇതില്‍ യുഎസിലാണ് കൂടുതല്‍ മത്സരങ്ങള്‍ നടക്കുക. ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്ലാന്റ, ലോസ് ആഞ്ജല്‍സ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി ആകെ 11 സ്റ്റേഡിയങ്ങളില്‍ യുഎസ് വേദിയൊരുക്കും. മെക്‌സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളുണ്ട്. ഫുട്ബോള്‍ ലോകകപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.