ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലെ ആദ്യവിജയം തേടി ഇന്ത്യൻ ഫുട്ബാൾ ടീം ഇന്നിറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികൾ. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാനുള്ള ആദ്യഘട്ടമാണ് മത്സരം. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴരമുതലാണ് മത്സരം.
ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തിൽ ഒമാനോട് ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം 1-2 ന് തോറ്റ ഇന്ത്യൻ ടീം കഴിഞ്ഞമാസം അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ അവിടെചെന്ന് ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.
ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് റൗണ്ടിലെ ആദ്യവിജയം നേടാൻ ഇന്ന് കഴിയുമെന്നാണ് ആരാധക പ്രതീക്ഷ.
ഖത്തറിനെതിരായ മത്സരത്തിൽ പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്ന നായകൻ സുനിൽ ഛെത്രിയുടെ തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ പ്ളസ് പോയിന്റ്.
പ്രതിരോധ താരം രാഹുൽ ഭെക്കെയും പരിക്കിൽ നിന്ന് മോചിതനായിട്ടുണ്ട്. എന്നാൽ പ്രതിരോധ നിരയിലെ കരുത്തനായ സന്ദേശ് ജിംഗാന് പരിക്കേറ്റത് തിരിച്ചടിയാണ്.
തുടർച്ചയായ രണ്ട് മഞ്ഞക്കാർഡുകൾ കണ്ട റൗളിൻ ബോർഗസിനും ഇന്ന് കളിക്കാനാവില്ല.
പ്രതിരോധത്തിൽ മലയാളിതാരം അനസ് എടത്തൊടികയും യുവതാരം ആദിൽ ഖാനുമാകും ഇന്ന് ഇറങ്ങുക.
മന്ദാർ റാവു ദേശായ്യാകും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ.
മദ്ധ്യനിരയിൽ മലയാളിതാരങ്ങളായ ആഷിഖ് കരുണിയനും സഹൽ അബ്ദുൽ സമദിനും അവസരം ലഭിച്ചേക്കും. വിംഗറായി ഉദാന്തസിംഗും ഏക സ്ട്രൈക്കറായി സുനിൽ ഛെത്രയും കളിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞദിവസം നടന്ന യോഗ്യതാറൗണ്ട് മത്സരത്തിൽ ഖത്തറിനോട് എതിരില്ലാത്ത രണ്ടുഗോളുകളുടെ തോൽവി വഴങ്ങിയശേഷം എത്തുന്ന ബംഗ്ളാദേശ#് ഇന്ത്യയ്ക്ക് വെല്ലുവിളി ആകില്ലെന്നാണ് നിരീക്ഷണം. എന്നാൽ അട്ടിമറിക്കുള്ള സാദ്ധ്യത തള്ളിക്കളയാനുമാകില്ല. യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തിൽ 1-0ത്തിന് അഫ്ഗാനിസ്ഥാനോടും ബംഗ്ളാദേശ് പരാജയപ്പെട്ടിരുന്നു.