ന്യൂഡല്‍ഹി: ജമ്മുവിലും പഞ്ചാബിലെ വിവിധയിടങ്ങളിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഒരു എഫ്-16 യുദ്ധവിമാനവും രണ്ട് ജെഎഫ്-17 വിമാനങ്ങളും വെടിവെച്ചിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്.
അതിനിടെ, ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം വിഫലമാക്കി. അഖ്‌നൂരില്‍ ഒരു ഡ്രോണ്‍ വെടിവെച്ചിട്ടു. ജമ്മു വിമാനത്താവളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ജമ്മുവിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഡ്രോണുകളിലൊന്ന് ജമ്മു സിവില്‍ വിമാനത്താവളത്തില്‍ പതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി പറന്നുയര്‍ന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കുകയും പാക് റോക്കറ്റുകളെ വിജയകരമായി തടയുകയും ചെയ്തു.
വ്യാഴാഴ്ച വിവിധ സമയങ്ങളില്‍ ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, സാംബ, ഉറി ജില്ലകളിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ഷെല്ലാക്രമണവും നടത്തി.
ജമ്മു വിമാനത്താവളം, സാംബ, ആര്‍എസ് പുര, അര്‍ണിയ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് മുകളില്‍ പാകിസ്ഥാന്‍ വിക്ഷേപിച്ച എട്ട് മിസൈലുകള്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തു. ജമ്മു സര്‍വകലാശാലയ്ക്ക് സമീപം രണ്ട് പാകിസ്ഥാന്‍ ഡ്രോണുകളും വെടിവെച്ചിട്ടു.ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സായുധ സേന ഭീഷണി നിര്‍വീര്യമാക്കി. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (ഐഡിഎസ്) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.