ഭീതി പടര്‍ത്തി അഞ്ചാംപനി വ്യാപനം; മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വര്‍ധിച്ചു

Jaihind Webdesk
Friday, November 17, 2023


ആഗോളതലത്തില്‍ ഭീതി പടര്‍ത്തി അഞ്ചാംപനി വ്യാപനം. കോവിഡിന് ശേഷം അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രോഗബാധിതരുടെ എണ്ണം ഏകദേശം 20 ശതമാനം ഉയര്‍ന്നു. കോവിഡിനെ തുടര്‍ന്ന് അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതാണ് വീണ്ടും പകര്‍ച്ചവ്യാധി പിടിമുറുക്കാന്‍ കാരണം. മഹാമാരിക്കാലത്താണ് 15 വര്‍ഷത്തിനിടെ നടന്ന ഏറ്റവും താഴ്ന്ന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 37 രാജ്യങ്ങളില്‍ പകച്ചവ്യാധി വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആ?ഗോളതലത്തില്‍ ഒന്‍പതു ദശലക്ഷത്തോളം കുട്ടികള്‍ രോഗബാധിതരായി. ഇതില്‍ 136,00 പേര്‍ മരിച്ചു. ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും വ്യക്തമാക്കി. വികസ്വര രാജ്യങ്ങളായ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിനമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് പകര്‍ച്ചവ്യാധി ഏറ്റവുമധികം ബാധിക്കാന്‍ സാധ്യത. 66 ശതമാനമാണ് ദരിദ്ര രാജ്യങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക്. വികസിത രാജ്യങ്ങളിലും അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചാംപനി ലണ്ടനില്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടീഷ് ആരോ?ഗ്യ അധികൃതര്‍ ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടെ 40 ശതമാനം കുട്ടികളില്‍ മാത്രമാണ് വാക്സിനേഷന്‍ ചെയ്തിട്ടുള്ളു.

എന്താണ് അഞ്ചാംപനി…

മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ് വൈറസ് പകരുക. രോ?ഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് രോ?ഗാണു വായുവില്‍ വ്യാപിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, ചുണങ്ങു എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. 10-12 ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണയായി ലക്ഷണങ്ങള്‍ വികസിക്കുകയും 7-10 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. മസ്തിഷ്‌കവീക്കം, ശ്വാസ തടസം, നിര്‍ജലീകരണം, ന്യുമോണിയ തുടങ്ങിയ കാരണങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. കുട്ടികളിലും 30 വയസിന് മുകളിലുള്ളവര്‍ക്കും സങ്കീര്‍ണതകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം
രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക
രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക