അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി. കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കയ്യിലുള്ള പേന മൂര്‍ച്ചയുള്ള ആയുധമാണെന്ന് ഉറച്ചു വിശ്വസിച്ച നിര്‍ഭയനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ടി.ജെ.എസ്. ജോര്‍ജെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ കുറിച്ചു. എഴുതാതിരിക്കാന്‍ കഴിയുന്നില്ലെന്നത് കൊണ്ട് വീണ്ടും വീണ്ടും എഴുതിക്കൊണ്ടേയിരുന്ന ആളാണ് അദ്ദേഹം. കാതലുള്ള എഴുത്തും കാമ്പുള്ള ആശയവുമായിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ജനസമൂഹത്തെ കാര്യമായി സ്വാധീനിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
എണ്ണം പറഞ്ഞ മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ ടി.ജെ.എസ്. ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സന്ദേശം അവസാനിപ്പിച്ചത്.