നിപ ഭീതി അകലുന്നു; കോഴിക്കോട് നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും

Jaihind Webdesk
Sunday, September 24, 2023

കോഴിക്കോട് :  കോഴിക്കോട് ജില്ലയിൽ നിപ ഭീതി അകലുന്നു. 9 ദിവസമായി പുതിയ നിപ്പ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
തുടർച്ചയായ ഒമ്പത് ദിവസവും നിപ പോസിറ്റീവ് കേസ് റിപ്പോ‍ർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.

അതേസമയം 1106 നിപ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ചികിത്സയിലുള്ള 9 വയസുകാരൻ ആരോഗ്യം വീണ്ടെടുത്തു. ജില്ലയില്‍ ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഊന്നി ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഏകാരോഗ്യം.
ഇതിനായി ഏകാരോഗ്യം സമിതി നിലവില്‍ വരും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിയില്‍ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങി എല്ലാ വകുപ്പുകളില്‍ നിന്നും അംഗങ്ങളുണ്ടാകും.നിപ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ ടെക്‌നിഷ്യന്‍മാര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ കോളേജില്‍ നിന്നും പരിശീലനം നല്‍കിയിട്ടുണ്ട്. ഐ.സി.എം.ആര്‍. സംഘം ഇന്നലെ തിരികെ പോയി. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുന്നതാണ്.സീറോ സര്‍വെലെന്‍സിന്റെ ഭാഗമായി രോഗിയുമായി അടുത്തിടപഴകിയ വ്യക്തികളുടെ ശരീരത്തില്ലെ ആന്റിബോഡിയുള്‍പ്പടെ പരിശോധിക്കും.
അതേസമയം കണ്ടെയ്മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി ജില്ലാ ഓഫീസർ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26ന് നടക്കാനുള്ള പരീക്ഷയുടെ കേന്ദ്രങ്ങളാണ് പുതുക്കിയത്.