ഐഎസ്എൽ : ‘തോറ്റിട്ടും’ ഫൈനലിൽ എഫ്സി ഗോവ..!; ഫൈനലിൽ ബംഗളൂരു എഫ്സിയെ നേരിടും

Jaihind Webdesk
Wednesday, March 13, 2019

ഐഎസ്എൽ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുംബൈ സിറ്റി എഫ്സിയോട് തോറ്റിട്ടും എഫ്സി ഗോവ ഫൈനലിൽ. ആദ്യപാദ മത്സരത്തിൽ 5-1 ന്‍റെ ഉയർന്ന ലീഡിലുളള ജയമാണ് ഗോവയെ തുണച്ചത്. രണ്ടാം പാദത്തിൽ മുംബൈ സിറ്റി ഒരു ഗോളിനാണ് ഗോവയെ തോൽപ്പിച്ചത്.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗളൂരു എഫ്സിയാണ് ഗോവയുടെ എതിരാളികൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരുവിന്‍റെ ഫൈനൽ പ്രവേശനം. ആദ്യ പാദത്തിൽ 1-2ന് തോറ്റെങ്കിലും രണ്ടാം പാദ മത്സരത്തിലെ ലീഡ് ജയം തുണയ്ക്കുകയായിരുന്നു.
ഐഎസ്എൽ ഫൈനലിൽ രണ്ടാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ബംഗളൂരു ചെന്നൈയിൻ എഫ്സിയോടാണ് പരാജയപ്പെട്ടത്. എഫ്സി ഗോവ രണ്ടാം സീസണിൽ ഫൈനൽ കടന്നെങ്കിലും ചെന്നൈയിനോട് തന്നെ തോറ്റു. അതിനാൽ ഇത്തവണ ഐഎസ്എൽ കിരീടം ആര് നേടിയാലും അതവരുടെ കന്നിജയം ആയിരിക്കും.