‘ഇനി പാർട്ടിയിലേക്ക് ഞാനില്ല… എനിക്കാ പാർട്ടിയിൽ വിശ്വാസമില്ല’

‘ഇനി പാർട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാർട്ടിയിൽ വിശ്വാസമില്ല…’ – മകന്‍ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് കൃഷ്ണൻ  പറഞ്ഞു.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ പിതാവ് പി.വി. കൃഷ്ണൻ സിപിഎം അനുഭാവിയായിരുന്നു. എങ്കിലും കോൺഗ്രസ് പ്രവർത്തകനായ മകനെ  കൃഷ്ണൻ ഒരു ഘട്ടത്തിലും തടഞ്ഞിരുന്നില്ല. അത് മകന്‍റെ വ്യക്തിസ്വാതന്ത്ര്യമായി അദ്ദേഹം അംഗീകരിച്ചിരുന്നു.

പെരിയ ആലക്കോട് സിപിഎം അനുഭാവികളുടെ കുടുംബത്തില്‍ ജനിച്ച കൃഷ്ണന്‍ സ്ഥിരമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.   പോളിടെക്നിക്  പഠന കാലത്ത് കെഎസ്‌യുവിൽ ചേരുന്ന കാര്യം മകൻ ചര്‍ച്ച ചെയ്തപ്പോള്‍ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയം തെരഞ്ഞെടുക്കാമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസിൽ പാർട്ടിക്കാർ നൽകിയ പരാതിയിൽ കൃപേഷിന്‍റെ പേരുമുണ്ടായിരുന്നെങ്കിലും സംഭവം നടന്ന സമയത്ത് കൃപേഷ് സ്ഥലത്തിലാത്തതിനാൽ പിന്നീട്  കേസിൽ നിന്ന് പൊലീസ് ഒഴിവാക്കുകയായിരുന്നു.  പക്ഷേ, പാര്‍ട്ടി അവരുടെ പട്ടികയിൽ നിന്നും കൃപേഷിനെ ഒഴിവാക്കിയില്ലെന്നതിന് തെളിവാണ് ഇതെന്ന് അദ്ദേഹം ഹൃദയവേദനയോടെ മനസ്സിലാക്കി.  മകന്‍റെ വസ്ത്രങ്ങള്‍ ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു… ‘ഇത്രയും കാലം ഞാൻ പാർട്ടി അനുഭാവിയായിരുന്നു. ഇനി പാർട്ടിയുടെ ഒരു പരിപാടിക്കുമില്ല. പാർട്ടിയിലുള്ള വിശ്വാസം എനിക്കു നഷ്ടമായി….’

Comments (0)
Add Comment