‘വിവരമില്ലാത്ത ചിലർ മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറി വിളിക്കും, അത് സംസ്കാരം ഇല്ലാത്തതിന്‍റെ പ്രശ്നം’: ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

Monday, October 9, 2023

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. ലൈറ്റും സൗണ്ടും തരുന്നവർ എപ്പോഴും ഒരു പരിപാടി ഭംഗിയാക്കാൻ ശ്രമിക്കും. എന്നാല്‍ വിവരമില്ലാത്ത ചിലയാളുകൾ മൈക്ക് കൂവിയാൽ ഓപ്പറേറ്റർമാരെ തെറിവിളിക്കുമെന്ന് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ പരിഹസിച്ചു. അത് സംസ്കാരം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. അത് അന്തസില്ലായ്മയും പഠനം ഇല്ലായ്മയും വളർന്നുവന്നതിന്‍റെ പശ്ചാത്തലവും ആണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൈക്കിൽ ഹൗളിംഗ് വരുമ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ക്ഷോഭിച്ചത് വഴി അവർ ഇത്രയും വിലയില്ലാത്ത മനുഷ്യരായി പോയല്ലോ എന്ന് പുത്തൻപുരയ്ക്കൽ വിമർശിച്ചു. പാലായിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്‍റെ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിന്‍റെ പരിഹാസം.

മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഹൗളിംഗ് ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടി മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്ത സംഭവം എറെ വിവാദം ഉയർത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ സിപിഎം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മൈക്കുമായി ബന്ധപ്പെട്ട് രോഷാകുലനായത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.