മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൊടുന്തരപ്പുള്ളി സ്വദേശി സിജില്‍ (33) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പൊലീസ് പിടികൂടി. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. വഴക്കിനിടെ ശിവനും സിജിലും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തില്‍ മുറിവേറ്റത്. വെട്ടുകത്തി കൊണ്ടാണ് വെട്ടിയതെന്നാണ് വിവരം. പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്.
മുറിവേറ്റ സിജില്‍ പുറത്തേക്കിറങ്ങി ഓടി. ഇതു വഴി വന്ന പരിചയക്കാര്‍ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംഭവത്തില്‍ അച്ഛന്‍ ശിവന്‍കുട്ടിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സിജിലിന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാള്‍ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.