ബാധ്യതയാകുമെന്ന് കരുതി കൊന്ന് പുഴയിലെറിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് കുറ്റക്കാരനെന്ന് കോടതി

Jaihind Webdesk
Wednesday, December 27, 2023

 

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനെന്ന് കോടതി. മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍ പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാവിധിയില്‍ ഉച്ച കഴിഞ്ഞാ വാദം ആരംഭിക്കും.

2021 മാര്‍ച്ച് 21-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2021 മാര്‍ച്ച് 22-ന് മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തി. തലേദിവസം രാത്രി സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു.

വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സനുമോഹന്‍ മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ആലപ്പുഴയില്‍നിന്ന് മകളെയും കൂട്ടി കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുമോഹന്‍ ഇവിടെവെച്ചാണ് വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് മകള്‍ വൈഗയുമായി പുറപ്പെട്ട സനുമോഹന്‍ കങ്ങരപ്പടിയിലെ തന്‍റെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയില്‍നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ വെച്ച് മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ ചുറ്റിയെടുത്ത് കാറിന്‍റെ പിന്‍സീറ്റിലിട്ട് മുട്ടാര്‍ പുഴ ലക്ഷ്യമാക്കി തിരിച്ചു. രാത്രി 10.30 തോടെ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നു. പിന്നാലെ മുട്ടാര്‍പുഴയില്‍ പാലത്തിലെത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് കാറുമായി സംസ്ഥാനം വിട്ടപ്രതി വാഹനം വിറ്റശേഷം കോയമ്പത്തൂര്‍, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായാണ് ഒളിവില്‍ കഴിഞ്ഞത്. വൈഗയെ സനുവാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായ സൂചന ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പോലീസ് സംഘം തമിഴ്‌നാട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കര്‍ണാടകയില്‍ നിന്നും കണ്ടെടുത്തു. 2017-ല്‍ മഹാരാഷ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് സനു. ഈ കേസില്‍ പിന്നീട് മഹാരാഷ്ട്ര പോലീസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ലഹരിക്ക് അടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.