വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

Jaihind News Bureau
Monday, June 22, 2020

അയർക്കുന്നത്ത് കാണാതായ വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്‍റ് തോമസ് ചർച്ച് വികാരി ഫാദർ ജോർജ് എട്ടുപറയലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു

ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദികനെ കാണാതായത്. തുടർന്ന് നടന്ന തെരച്ചിലിലാണ് പള്ളി വളപ്പിലെ കിണറ്റിൽ നിന്ന് വൈദികൻറെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ തന്നെ പൊലീസും നാട്ടുകാരും വൈദികനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലും, മുറി തുറന്നിട്ട നിലയിലുമായിരുന്നു. ഇന്നലെ ഉച്ചയോടെ പള്ളിയിൽ വൈദികൻ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്.

പള്ളിയിൽ അടുത്തിടെ തീപിടിത്തമുണ്ടായി ചില രേഖകൾ കത്തിനശിച്ചിരുന്നു. നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈദികൻ മാനസിക സമ്മർദത്തിലായിരുന്നാതായും വിവരമുണ്ട്. ഇടവകയിൽനിന്ന് വൈദികൻ സ്ഥലംമാറ്റത്തിന് അഭ്യർഥിച്ചിരുന്നതായും വിവരമുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ആറ് മാസം മുമ്പാണ് ഫാദർ ജോർജ്ജ് എട്ടുപറയൽ ചുമതലയേറ്റെടുത്തത്.