വൈഗയെ ശ്വാസം മുട്ടിച്ചു, മരിച്ചെന്ന് കരുതി പുഴയിലെറിഞ്ഞു ; പിതാവിന്‍റെ കുറ്റസമ്മതം

Jaihind Webdesk
Monday, April 19, 2021

 

കൊച്ചി : മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനു മോഹന്‍. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാല്‍ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനുമോഹന്‍റെ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയതെന്നും തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രത്യേക സംഘത്തിന്‍റെ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. സനു മോഹന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. പുലർച്ചെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍.  വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മകള്‍ മരിച്ചുവെന്ന് കരുതിയാണ് പുഴയിലേക്കെറിഞ്ഞത്. ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്. എറണാകുളം മുട്ടാർ പുഴയിലാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അപ്രത്യക്ഷനായ സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് കര്‍ണാടക പോലീസ് പിടികൂടിയത്.