വനംവകുപ്പ് കൈയൊഴിഞ്ഞ താൽക്കാലിക ജീവനക്കാരന് ദാരുണാന്ത്യം; കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു

Jaihind Webdesk
Wednesday, May 15, 2019

വനം മന്ത്രിയുടെ മണ്ഡലത്തിൽ മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ വനംവകുപ്പ് കൈയൊഴിഞ്ഞ താൽക്കാലിക ജീവനക്കാരന് ദാരുണാന്ത്യം. സർക്കാർ കൈയൊഴിഞ്ഞതോടെ ചികിത്സയ്ക്കും നിത്യവൃത്തിക്കും ആയി കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ഫയർ വാച്ചർ ആയിരുന്ന സുരേന്ദ്രന്‍റെ മൃതദേഹം മാമ്പഴത്തറ വനത്തിൽ കണ്ടെത്തി .

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ചാലിയേക്കര ചെറുകടവ് സ്വദേശിയായ കൊച്ചു ഗോപി എന്ന സുരേന്ദ്രൻ വർഷങ്ങളായി വനംവകുപ്പിൽ താൽക്കാലിക ഫയർ വാച്ചർ ആയി ജോലി ചെയ്യുകയായിരുന്നു . ഇതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ സുരേന്ദ്രന് പരിക്കേറ്റത്. വനം വകുപ്പ് കൈയൊഴിഞ്ഞതോടെ ചികിത്സയ്ക്കും നിത്യചെലവിനും ഇദ്ദേഹം ഏറെ കഷ്ടപ്പെട്ടു.

ശാരീരിക അവശതകൾക്കിടയിലും കാട്ടിൽ നിന്നും തേൻ ശേഖരിച്ചാണ് സമീപകാലത്തായി സുരേന്ദ്രൻ കുടുംബം പുലർത്തിയത് . ഇത്തരത്തിൽ തേൻ ശേഖരിക്കാൻ പോയ സുരേന്ദ്രനെ മാമ്പഴത്തറ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കായി എല്ലാ വാതിലുകളും മുട്ടിയിട്ടും വനം വകുപ്പോ സർക്കാരോ തങ്ങളോട് കരുണ കാട്ടിയില്ലെന്ന് സുരേന്ദ്രന്‍റെ ഭാര്യ പറഞ്ഞു. വനം വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ ആണ് വന്യജീവിയുടെ ആക്രമണത്തിനു വിധേയനായ ഒരു ഒരു താൽക്കാലിക ജീവനക്കാരന് ഈ ദുർവിധി ഉണ്ടായത് . ഈ കുടുംബത്തിന് തണലേകുവാൻ ഇനിയെങ്കിലും വനംവകുപ്പോ നമ്മുടെ സർക്കാർ സംവിധാനങ്ങളോ കരുണ കാട്ടേണ്ടതുണ്ട് .