കേന്ദ്രത്തിന്‍റെ അഞ്ചിന ഫോർമുല തള്ളി കർഷകർ; സമരം ശക്തമാക്കും

Jaihind News Bureau
Wednesday, December 9, 2020

വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച അഞ്ചിന നിർദ്ദേശങ്ങൾ തള്ളി കർഷക സംഘടനകൾ. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന് സംഘടന നേതാക്കൾ വ്യക്തമാക്കി. കാർഷിക സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഈ മാസം 14 ന് രാജ്യ വ്യാപകമായി ബിജെപി ഓഫീസുകളിലേക്ക് മാര്ച്ച് നടത്താനും ഡൽഹിയിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനും സംഘടനകൾ തീരുമാനിച്ചു.

വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത് ചില ഭേദഗതികൾ മാത്രമാണ്. എന്നാൽ ഭേദഗതികളല്ല മറിച്ച് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്ന് കിസാൻ സംഘർശ് കമ്മിറ്റി പ്രസിഡന്റ് കന്വൽ പ്രീത് സിങ് പന്നു വ്യക്തമാക്കി. സിംഘുവിൽ ചേർന്ന കർഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിർദേശങ്ങൾ സമരസമിതി ചർച്ചയ്ക്ക് ശേഷം തള്ളിയത്. എന്നാൽ കേന്ദ്ര സർക്കരുമായി ചർച്ചകൾ തുടരും. പക്ഷെ നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ മാറ്റം ഉണ്ടാകില്ല എന്ന് നേതാക്കൾ ആവർത്തിച്ചു.

അതേ സമയം ഈ മാസം 13 ന് ഡൽഹി ആഗ്ര , ഡൽഹി ജയ്പൂര് ദേശിയ പാതകൾ കർഷകർ ഉപരോധിക്കും. ഡൽഹി അതിർത്തികൾ 13 ആം ദിവസവും അടഞ്ഞു തന്നെ കിടക്കുകയാണ്. കിലോമീറ്ററുകൾ ദൂരത്തിലാണ് കർഷകർ പ്രതിഷേധവുമായി നിലയുറപ്പിച്ചിരിക്കുന്നത്.
ഡൽഹി പോലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ വൻ സുരക്ഷയാണ് അതിർത്തികളിൽ ഒരുക്കിയിരിക്കുന്നത്. കർഷക സമരം കൂടുതൽ കടുപ്പിക്കാൻ തന്നെയാണ് സംഘടനകളുടെ തീരുമാനം. ഡൽഹി ഹരിയാന, ഡൽഹി യു പി എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കു നീക്കം സ്തംഭിച്ചിരിക്കുകയാണ്. ഡൽഹിയിൽ ഉൾപ്പെടെ അവശ്യ സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുകയാണ്. കാർഷിക സമരം വരും ദിവസങ്ങളിലും ശക്തി പ്രാപിച്ചാൽ അത് കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.