കർഷക സമരം : വർഷകാല സമ്മേളനം കഴിയുംവരെ ജന്തർമന്തിറില്‍ ; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

Jaihind Webdesk
Thursday, July 22, 2021

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരം തുടങ്ങി. ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടങ്ങിയ കർഷകർ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം കഴിയും വരെ ഇവിടെ പ്രതിഷേധവുമായി നിലയുറപ്പിക്കും.

പൊലീസിന്‍റെ കർശനസുരക്ഷ വലയത്തില്‍ രാവിലെ സിംഘുവിൽ നിന്ന് ജന്തർമന്തറിലേക്ക് പുറപ്പെട്ട സമരക്കാർക്ക് ആദ്യം ഹരിയാന പൊലീസും പിന്നീട് ന്യൂഡല്‍ഹി പൊലീസും അകമ്പടി നൽകി. സിംഘു അതിർത്തി പിന്നിട്ടപ്പോള്‍ സുരക്ഷ കാരണങ്ങൾ കാട്ടി പൊലീസ് വാഹനങ്ങൾ തടഞ്ഞു. കര്‍ഷകരുടെ എതിര്‍പ്പവഗണിച്ച് സിംഘുവിന് സമീപമുള്ള ഫാം ഹൗസിലേക്ക് മാറ്റിയ ബസുകള്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് കടത്തി വിട്ടത്.

ജന്തർ‍മന്തറിന്‍റെ ഇരു വശങ്ങളും പൊലീസ് ബാരിക്കേഡുകൾ കൊണ്ട് അടച്ചു. മാധ്യമങ്ങൾക്ക് അടക്കം അകത്തേക്ക് പ്രവേശനം നിഷേധിച്ചു. ഇതിനിടെ സമരത്തിന് പിന്തുണയുമായി എത്തിയ കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് എംപിമാരെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. എംപിമാർ പ്രതിഷേധം ഉയർത്തിയതോടെ പിന്നാലെ അനുവാദം നൽകുകയായിരുന്നു.

കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൃഷിമന്ത്രി ചർച്ചയ്ക്ക് തയ്യാറാണെന്ന് നിലപാട് ആവർത്തിച്ചാൽ പോരെന്നും വ്യക്തമായ അജണ്ടയുമായി എത്തിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ടിക്കായ്ത്ത് പറഞ്ഞു. പാർലമെന്‍റിലേക്ക് മാർച്ച് നടത്താനും തയ്യാറായിട്ടാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷകാല സമ്മേളനം അവസാനിക്കുന്ന അടുത്ത പതിമൂന്ന് വരെ കർഷകർ ജന്തർമന്തറിൽ പ്രതിഷേധം തുടരും. പ്രതിഷേധം കണക്കിലെടുത്ത് അതീവസുരക്ഷയാണ് നഗരത്തിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.