കർഷക പ്രതിഷേധം ശക്തം ; കൂടുതല്‍ പേർ ഡല്‍ഹിയിലേക്ക് ; തടയാന്‍ കേന്ദ്രം

Jaihind News Bureau
Wednesday, February 3, 2021

 

ന്യൂഡല്‍ഹി : കേന്ദ്രത്തിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം ഡൽഹി അതിർത്തികളിൽ ശക്തമായി തുടരുന്നു. കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.  കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു.

ഏതുവിധേനയും കർഷകർ സമരവേദികളിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.  സമരത്തിന്‍റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരിൽ യുപി പൊലീസ് കുടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡൽഹി മീററ്റ് അതിവേഗ പാതയിൽ ട്രാക്റ്ററുകൾ പ്രവേശിക്കാതിരിക്കാൻ റോഡിൽ മുളളുകമ്പികൾ പാകി.

ഇന്‍റർനെറ്റ് സേവനം ഉൾപ്പെടെ ഡൽഹി അതിർത്തികളിൽ വിച്ഛേദിച്ചിരിന്നു. ജലക്ഷാമം ഉൾപ്പെടെ അതിർത്തി പ്രദേശത്ത് രൂക്ഷമാണ്. നിലവിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൊലീസ് നിയന്ത്രണങ്ങൾ മൂലമാണെന്നും സംഘടനകൾ ആരോപിച്ചു. അതേസമയം കാർഷിക നിയമങ്ങൾ പിന്‍വലിക്കാതെ മടങ്ങില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. ശനിയാഴ്ചയാണ് കർഷക സംഘടനകളുടെ രാജ്യവ്യാപക വഴി തടയൽ പ്രതിഷേധം.