സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍ ; പ്രക്ഷോഭം നാല്‍പ്പത്തിയഞ്ചാം ദിവസത്തിലേക്ക്

Jaihind News Bureau
Saturday, January 9, 2021

ന്യൂഡല്‍ഹി : എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍. പ്രക്ഷോഭം നാല്‍പ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. അതേസമയം കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ നടത്തിയ എട്ടാമത്തെ ചര്‍ച്ചയില്‍ കര്‍ഷക നേതാക്കളോട് സുപ്രീംകോടതിയില്‍ പൊയ്‌കൊള്ളാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇരുപക്ഷവും സ്വന്തം നിലപാടുകളില്‍ അടിയുറച്ചുനിന്നതോടെ വെള്ളിയാഴ്ചത്തെ ചര്‍ച്ചയും ഫലംകണ്ടില്ല. 15ന് വീണ്ടും കാണാനാണ് ധാരണ.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ല, എന്നാല്‍ ആശങ്കപ്പെടുന്ന വിഷയങ്ങളില്‍ ഭേദഗതിയാവാമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാട് കര്‍ഷകനേതാക്കളും ആവര്‍ത്തിച്ചു. നിയമങ്ങളുടെ പ്രയോജനം വിവരിച്ചും ഭേദഗതികളെക്കുറിച്ചും മന്ത്രിമാര്‍ വിവരണം തുടര്‍ന്നതോടെ കര്‍ഷകനേതാക്കള്‍ 15 മിനിറ്റോളം മൗനമാചരിച്ച് പ്രതിഷേധിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് കവിത കുറുഗന്തി പറഞ്ഞു. പ്രശ്‌നത്തില്‍ സുപ്രീംകോടതി തീരുമാനിക്കട്ടെയെന്ന് സര്‍ക്കാര്‍ പറയുന്നു. നിയമങ്ങള്‍ റദ്ദാക്കാതെ കീഴടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.