കർഷക പ്രക്ഷോഭം 30-ാം ദിവസത്തിലേക്ക് ; നിലപാടില്‍ ഉറച്ച് കർഷകർ ; ടോള്‍ പ്ലാസകള്‍ പിടിച്ചെടുക്കും

Jaihind News Bureau
Friday, December 25, 2020

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം 30 ആം ദിവസവും തുടരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ . അതിനിടെ കേന്ദ്ര സർക്കാർ കർഷകരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു. കേന്ദ്ര ക്ഷണത്തിൽ കർഷക സംഘടനകൾ ഇന്ന് കൂടിയാലോചന നടത്തും. നേരത്തെ പലതവണ ചർച്ചക്കുള്ള കേന്ദ്ര ക്ഷണം കർഷകർ തള്ളിയിരുന്നു.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നല്‍കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് നിവേദനം നല്‍കിയത്. നിവേദനവുമായി രാഷ്ട്രപതിഭവനിലേക്കുള്ള മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധിയെയും എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാർഷിക നിയമങ്ങളില്‍ സർക്കാർ ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന്  പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണ്. ആ നിലപാട് തുടരും. പ്രധാനമന്ത്രിയുടെ വീടിന് 22 കി.മീ അകലെയാണ് സമരം. മോദി അവരെ ഇതുവരെ കണ്ടിട്ടില്ല. ആരാണ് ഒപ്പമുള്ളതെന്ന് കർഷകർക്ക് അറിയാമെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.